ബ്രെക്സിറ്റ്: ഏപ്രിൽ 12 വരെ സാവകാശം; കരാറായാൽ 6 ആഴ്ച കൂടി സമയം, ഇനിയെല്ലാം തീരുമാനിക്കേണ്ടത് പാർലമെന്റാണെന്നു പ്രധാനമന്ത്രി തെരേസ മേ

2019-03-23 03:07:30am |

ലണ്ടൻ ∙ ബ്രെക്സിറ്റ് കുരുക്കിൽ പെട്ട് ഉഴറുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമായി യൂറോപ്യൻ യൂണിയൻ (ഇയു) 2 പോംവഴികൾ നിർദേശിച്ചു. കറാറില്ലാതെയെങ്കിൽ ബ്രിട്ടന് ഏപ്രിൽ 12 നുള്ളിൽ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകാം. ബ്രിട്ടിഷ് പാർലമെന്റ് കരാറിന് അനുമതി നൽകിയാൽ മേയ് 22 വരെ സാവകാശം. പുതിയ കരാർ സംബന്ധിച്ച വോട്ടെടുപ്പ് അടുത്തയാഴ്ച ജനപ്രതിനിധി സഭയിൽ നടക്കും. ഈ മാസം 29 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.

കരാർ പ്രകാരമോ കരാറില്ലാതെയോ ബ്രിട്ടനു പുറത്തുപോകാം. ദീർഘകാലത്തേക്ക് സമയപരിധി നീട്ടാനോ  ബ്രെക്സിറ്റിനുള്ള 50–ാം വകുപ്പ് റദ്ദാക്കാനോ സാധ്യത നിലനിൽക്കുന്നു– യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞു. മേയ് 23ന് യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് ഇതിലേതെങ്കിലും തീരുമാനത്തിൽ ബ്രിട്ടൻ എത്തിയേ തീരൂ. സമയപരിധി നീട്ടാനാണു തീരുമാനമെങ്കിൽ ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പു നടത്തണമെന്നും വീണ്ടും ഹിതപരിശോധന വേണമെന്നും ഇയു ആവശ്യപ്പെട്ടേക്കാം. ബ്രെക്സിറ്റ് നടന്നില്ലെങ്കിൽ ബ്രിട്ടൻ യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടി വരും.

യൂറോപ്യൻ യൂണിയൻ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി തെരേസ മേ, ഇനിയെല്ലാം തീരുമാനിക്കേണ്ടത് പാർലമെന്റാണെന്നു പറഞ്ഞു. നിർണായക സമയമാണിതെന്നും എല്ലാവരും സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.