തെരുവിൽ തളർന്നു കിടന്ന നായ്ക്കുട്ടിയ്ക്ക് കോളടിച്ചു; ഇനിയവൻ ഇംഗ്ലണ്ടിന്റെ ദത്തുപുത്രൻ!

2019-03-26 02:29:04am |

രാജകുമാരി പെരിയകനാലിനു സമീപം വഴിയരികിൽ തളർന്നു കിടന്ന നായ്ക്കുട്ടി ഇനി ഇംഗ്ലണ്ടിന്റെ ദത്തുപുത്രൻ. കൊച്ചിയിൽ നിന്നു ബൈക്കിൽ മൂന്നാറിൽ എത്തിയ സുഹൃത്തുക്കളായ ഇംഗ്ലണ്ട് സ്വദേശി ലൂയി, ജർമനി സ്വദേശിനി യുജിനിയ എന്നിവർ ചിന്നക്കനാലിനു സമീപത്താണ് എഴുന്നേറ്റു നിൽക്കാൻ കഴിയാതെ നിലത്ത് ഇഴയുന്ന ആൺ നായ്ക്കുട്ടിയെ കണ്ടത്.

വണ്ടി തട്ടിയതാണെന്ന് കരുതി ഇവർ ഇതിനെയും ഒപ്പം കൂട്ടി. പൂപ്പാറയിൽ എത്തി മൃഗാശുപത്രി അന്വേഷിച്ച ഇരുവരും കുരുവിളാ സിറ്റിയിൽ പ്രവർത്തിക്കുന്ന ഗവ. മൃഗാശുപത്രിയിൽ നായ്ക്കുട്ടിയെ എത്തിച്ചു. വെറ്ററിനറി സർജൻ ഡോ. ഗ്ലാഡി. എം. വെമ്പിള്ളി നായ്ക്കുട്ടിയെ പരിശോധിച്ചു. നായ്ക്കുട്ടിയെ വണ്ടി തട്ടിയതല്ല എന്ന് മനസ്സിലായി.

ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറഞ്ഞതു കൊണ്ടാണ് നായ്ക്കുട്ടിക്ക് എഴുന്നേറ്റു നിൽക്കാൻ കഴിയാത്തതെന്നു തിരിച്ചറിഞ്ഞ ഡോ. ഗ്ലാഡി നായ്ക്കുട്ടിക്ക് മരുന്ന് കുത്തിവയ്ക്കുകയും ടോണിക് നൽകുകയും ചെയ്തു. ഇതോടെ നായ്ക്കുട്ടി ഉഷാറായി. ചിന്നക്കനാൽ മുതൽ കുരുവിളാസിറ്റി വരെ നെഞ്ചോടു ചേർത്തു കൊണ്ടുവന്ന നായ്ക്കുട്ടിയെ ഉപേക്ഷിച്ചു പോകാൻ ലൂയിക്കും യുജിനിയയ്ക്കും മനസ്സു വന്നില്ല. 

മിടുക്കനായ നായ്ക്കുട്ടിക്ക് അവർ ടൈ എന്ന് പേരും ഇട്ടു. മുംബൈയിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ടൈയെ ഇംഗ്ലണ്ടിൽ ലൂയിയുടെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം. മൃഗസ്നേഹിയായ ലൂയി തെരുവിൽ നിന്ന് എടുത്തു വളർത്തുന്ന രണ്ടു നായ്ക്കൾ വേറെയുമുണ്ട് അവിടെ. ജർമനിയിൽ എത്തിയ ശേഷം യുജിനിയയും ഇംഗ്ലണ്ടിലേക്കു പോകും ലൂയിയെയും കൂട്ടുകാരെയും കാണാൻ.