ബ്രെക്‌സിറ്റ്‌ ബദല്‍മാര്‍ഗങ്ങള്‍ തേടാന്‍ അധികാരം നല്‍കുന്നതരത്തില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗങ്ങള്‍ തെരേസാ മേയില്‍നിന്ന്‌ നിയന്ത്രണം പിടിച്ചെടുത്തു; പാര്‍ലമെന്റില്‍ മറ്റൊരു നാണംകെട്ട പരാജയംകൂടി

2019-03-27 02:45:28am |

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ ബ്രിട്ടന്റെ വിടുതല്‍ (ബ്രെക്‌സിറ്റ്‌) നടപടികള്‍ക്ക്‌ ബദല്‍മാര്‍ഗങ്ങള്‍ തേടാന്‍ അധികാരം നല്‍കുന്നതരത്തില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗങ്ങള്‍ പ്രധാനമന്ത്രി തെരേസാ മേയില്‍നിന്ന്‌ പാര്‍ലമെന്റ്‌ നടപടിക്രമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തു. മേയ്‌ക്ക്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ മറ്റൊരു നാണംകെട്ട പരാജയംകൂടി സമ്മാനിച്ചാണ്‌ ഇതുസംബന്ധിച്ച പ്രമേയം പാസായത്‌(329-302).

യൂറോപ്യന്‍ യൂണിയനില്‍നിന്നു വിടുതല്‍ തേടുന്നതിനുള്ള, ഇതിനോടകം രണ്ടുതവണ പരാജയപ്പെട്ട ധാരണ ഒരിക്കല്‍കൂടി അവതരിപ്പിച്ചാല്‍ തോല്‍വി തന്നെയാകും ഫലം എന്നു മേയ്‌ സമ്മതിച്ചതിനെത്തുടര്‍ന്നാണു പ്രമേയം അവതരിപ്പിച്ചത്‌. സാധാരണഗതിയില്‍ നടപടിക്രമങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനാണ്‌. നടപടിക്രമങ്ങള്‍ എം.പിമാരുടെ നിയന്ത്രണത്തിലായതോടെ തുടര്‍വോട്ടിങ്‌ പ്രക്രിയയിലുടെ ബ്രെക്‌സിറ്റിന്‌ വഴിയൊരുക്കാന്‍ സാധിക്കും. അതുപക്ഷേ ഇതുവരെയുള്ള നീക്കങ്ങള്‍ പാടേമാറ്റിക്കൊണ്ടായിരിക്കാം. ഈ തുടര്‍വോട്ടിങ്‌ പ്രക്രിയ ഭൂരിപക്ഷം കിട്ടുന്ന ഒറ്റവോട്ടിങ്ങായി ചുരുക്കാനാണ്‌ എം.പിമാരുടെ നീക്കം.

യൂറോപ്യന്‍ യൂണിയനുമായി ദൃഢമായ സാമ്പത്തികബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു മൃദു ബ്രെക്‌സിറ്റോ അല്ലെങ്കില്‍ ബ്രെക്‌സിറ്റ്‌ തന്നെ വേണ്ടെന്നുവച്ചേക്കാവുന്ന സാധ്യതകളോ ആണ്‌ മുന്നിലുള്ളത്‌. മേയ്‌ക്കും സര്‍ക്കാരിനും കനത്തതിരിച്ചടിയാണ്‌ തിങ്കളാഴ്‌ച രാത്രി പാര്‍ലമെന്റില്‍ നടന്ന നാടകീയ സംഭവങ്ങള്‍. എം.പിമാരുടെ പ്രമേയത്തെ പിന്തുണയ്‌ക്കാന്‍ വേണ്ടി മൂന്നുമന്ത്രിമാര്‍ കൂടി രാജിവച്ചു. ബ്രെക്‌സിറ്റ്‌ നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകാതെ ഭൂരിപക്ഷം ജനങ്ങളുടെ ജീവനും തൊഴിലും കൊണ്ട്‌ സര്‍ക്കാര്‍ മരണക്കളി കളിക്കുകയാണെന്ന്‌ രാജിവച്ച ജൂനിയര്‍ വ്യവസായമന്ത്രി റിച്ചാര്‍ജ്‌ ഹാരിങ്‌ടണ്‍ പറഞ്ഞു.

പ്രമേയം പാസാക്കിയതില്‍ നിരാശ രേഖപ്പെടുത്തിയ സര്‍ക്കാര്‍ നടപടി ജനാധിപത്യ സംവിധാനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്‌ഥ കീഴ്‌മേല്‍ മറിക്കുന്നതും ഭാവിക്ക്‌ അസാധാരണവും അപകടകരവുമായ പ്രതിസന്ധി സൃഷ്‌ടിക്കുന്നതാണെന്നും ആരോപിച്ചു. ഇനിയുള്ള നടപടിക്രമങ്ങളുടെ ഫലവുമായി ക്രിയാത്മകമായി പ്രതികരിക്കുമെന്ന്‌ തെരേസാ മേയ്‌ അറിയിച്ചിട്ടുണ്ടെങ്കിലും വോട്ടിങ്ങിന്റെ ഫലം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ലെന്നും സൂചനയുണ്ട്‌. മാര്‍ച്ച്‌ 29നായിരുന്നു ബ്രെക്‌സിറ്റ്‌ നടപടികള്‍ തുടങ്ങേണ്ടിയിരുന്നത്‌. എന്നാല്‍, ഇതുസംബന്ധിച്ച ധാരണ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ പാസാക്കത്തിനാല്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ സമയം അനുവദിച്ചിരുന്നു.