ലോകത്തെ കിടുകിടാ വിറപ്പിച്ച നെപ്പോളിയന്‍ ഇത്രക്ക് ലോലഹൃദയനായിരുന്നോ? നാല് കോടി രൂപയ്ക്ക് ലേലത്തില്‍ പോയത് നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍

2019-04-10 02:58:05am |

ഫ്രഞ്ച് ചക്രവര്‍ത്തിയും സൈനികമേധാവിയുമായിരുന്നു നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്. തന്റേയും ഫ്രാന്‍സിന്റേയും പേരും പെരുമയുമായിരുന്നു നെപ്പോളിയന്റെ ജീവിതലക്ഷ്യങ്ങളെന്ന് ജീവചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. ഒരു പതിറ്റാണ്ടു കാലം ഫ്രഞ്ച് ചക്രവര്‍ത്തിയും സൈനികമേധാവിയുമായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് തന്റെ ഭാര്യയ്ക്ക് അയച്ച പ്രണയ ലേഖനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നെപ്പോളിയന്റെ പ്രണയ ലേഖനങ്ങള്‍ ലേലത്തില്‍ വെച്ചപ്പോള്‍ അത് വാങ്ങാന്‍ ആളുകളുടെ മത്സരമായിരുന്നു. തിരക്കുകള്‍ക്കിടയില്‍ നെപ്പോളിയന്‍ പ്രണയം തുളുമ്പുന്ന കത്തുകള്‍ എഴുതിരുന്നത് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്ന ജോസഫൈന്‍ ഡി ബ്യുഹര്‍നൈസിനെയായിരുന്നു. 'ഒരു കത്ത് പോലും അയക്കുന്നില്ലല്ലോ മാന്യ സുഹൃത്തെ നീ. നീ നിന്റെ ഭര്‍ത്താവിനെ മറന്നു. പലവിധ ഭരണകാര്യങ്ങളും വ്യാപാരവും കൊണ്ട് ആകെ ക്ഷീണിച്ച് അവശനായ ഭര്‍ത്താവിനെ നീ മറന്നു. അയാളോ തിരക്കുകള്‍ക്കിടയിലും നിന്നെ മാത്രം ഓര്‍ത്തുകൊണ്ടിരിക്കുന്നു. നിന്നെ മാത്രം മോഹിക്കുന്നു. ഞാന്‍ ആകെ ഏകനാണ്. നീ എന്നെ മറന്നു.' അദ്ദേഹത്തിന്റെ കത്തിലെ വരികളാണിത്.

1796-ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹിതനാകുന്ന സമയത്ത് നെപ്പോളിയന് 26 വയസ്സായിരുന്നു. ആ സമയത്ത് ജോസഫൈന്‍ വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 32കാരിയായിരുന്നു. മക്കളുണ്ടാകാത്തതിന്റെ പേരില്‍ ഇരുവരും പിന്നീട് വിവാഹ മോചിതരായെങ്കിലും ജോസഫൈനോടുള്ള നെപ്പോളിയന്റെ പ്രണയം അവസാനിച്ചിരുന്നില്ല.

മരണത്തിനു കീഴടങ്ങുന്നതിനു തൊട്ടുമുന്‍പ് നെപ്പോളിയന്‍ അവസാനമായി ഒരു മന്ത്രം പോലെ ഉച്ചരിച്ചത് ജോസഫൈന്‍ എന്ന വാക്കായിരുന്നു. ഫ്രഞ്ച് മഹാസാമ്രാജ്യം കെട്ടിപ്പടുത്ത നെപ്പോളിയന്റെ ഈ പ്രണയലേഖനങ്ങള്‍ ഇപ്പോള്‍ വിറ്റിരിക്കുകയാണ്. ചക്രവര്‍ത്തിയുടെ എഴുത്തുകള്‍ വിറ്റത് 513,000 യൂറോയ്ക്കാണ്. അതായത് നാലു കോടി രൂപയ്ക്ക്. 1804 കാലഘട്ടത്തില്‍ നെപ്പോളിയന്‍ എഴുതിയ കത്തുകള്‍ ഫ്രഞ്ച് അഡറും അഗുറ്റസ് ഹൗസും സംയുക്തമായാണ് ലേലം ചെയ്തത്.