ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മുഴങ്ങിയ അധ്വാനവര്‍ഗ സിദ്ധാന്തം! കെ.എം. മാണിക്ക് നാടിന്റെയൂം അന്ത്യാഞ്ജലി, ഇന്ന് പൊതു ദര്‍ശനം ; പാലാ കത്തീഡ്രലില്‍ പൂര്‍ണ്ണബഹുമതിയോടെ സംസ്‌ക്കാരം നാളെ

2019-04-10 03:02:00am |

കേരള രാഷ്ട്രീയ ചരിത്രത്തില്‍ കെ.എം മാണിയെ ചിരസ്മരണീയനാക്കുന്നതില്‍ അദ്ദേഹത്തിന്റെ എഴുത്തിലൂടെയും വാമൊഴിയിലൂടെയും ലോകം കേട്ട ചില സിദ്ധാന്തങ്ങള്‍ക്കും വലിയ പങ്കുണ്ടാകും. ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും സ്വന്തം കാള്‍ മാര്‍ക്‌സിന്റെ മൂലധനത്തിന് ബദലായി കെ.എം മാണി തന്നെ രചിച്ച അധ്വാന വര്‍ഗ സിദ്ധാന്തമാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ തൊഴിലാളി വര്‍ഗ വീക്ഷണം എന്ന നിലയില്‍ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന് പ്രസക്തിയുണ്ട്. മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തം ലണ്ടനില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയതും നാഴികക്കല്ലായി.

കേരളത്തില്‍ നിന്നുള്ള ഒരു നേതാവിന് ആദ്യമായാണ് ഇത്തരം ഒരു അവസരം 2012ല്‍ ലഭിച്ചത്. യുകെയോടും യുകെ മലയാളികളോടുമുള്ള മാണി സാറിന്റെ പ്രത്യേക വാത്സല്യത്തിന് കാരണങ്ങളിലൊന്നും അതുതന്നെയാകും.

കെ.എം. മാണിക്ക് നാടിന്റെയൂം അന്ത്യാഞ്ജലി, ഇന്ന് പൊതു ദര്‍ശനം

കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിയുടെ സംസ്‌ക്കാരം നാളെ നടക്കും. ഇന്ന് കേരളാകോണ്‍ഗ്രസ് ഓഫീസ്, തിരുനക്കര മൈതാനം, പാല എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിന് അവസരം നല്‍കിയ ശേഷം നാളെ പാലാ കത്തീഡ്രലില്‍ പൂര്‍ണ്ണ ബഹുമതിയോടെ സംസ്‌ക്കാരം നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം സംഭവിച്ചത്. പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പാര്‍ട്ടിഭേദമെന്യേ അനേകരാണ് ആശുപത്രിയിലേക്കും പാലായിലെ വീട്ടിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്.

വൈകിട്ട് അഞ്ചുമണിയോടെയാണ് മാണിയുടെ കരിങ്ങോഴ്‌യ്ക്കല്‍ വീട്ടില്‍ ഭൗതീകശരീരം എത്തിക്കുക. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതീകശരീരം ഇന്ന് രാവിലെ എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് കൊണ്ടുപോകും. രാവിലെ 9 മണിയോടെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി 9.30 യോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി 12.30 യ്ക്ക് കോട്ടയത്ത് എത്തുമെന്നാണ് സൂചന. കേരളാകോണ്‍ഗ്രസ് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം തിരുനക്കര മൈതാനത്തേക്ക് കൊണ്ടുപോകും. കേരളാകോണ്‍ഗ്രസിന്റെ തട്ടകമായ പാലാ, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ക്ക് കാണാന്‍ അവസരം ഒരുക്കും.

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ തിരുനക്കരയില്‍ നിന്നും കളക്‌ട്രേറ്റ്, മണര്‍കാട്, അയര്‍കുന്നം, കിടങ്ങൂര്‍, കടപ്‌ളാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപള്ളിയില്‍ എത്തിക്കും. തുടര്‍ന്ന് പാല മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിക്കുന്ന മൃതദേഹം അവിടെ നിന്നും പാലായിലെ വീട്ടില്‍ എത്തിക്കും. പാലാ വീട്ടില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സംസ്‌ക്കാര ചടങ്ങുകളും പാലാ കത്ത്ഡ്രലില്‍ മൂന്ന് മണിയോടെ സംസ്‌ക്കാരവും നടക്കും. അനേകം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പുറമേ മുന്നണി, കക്ഷിഭേദമില്ലാതെ അനേകരാണ് പാലായിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളത്തെ സ്ഥാനാര്‍ത്ഥികളും ഇന്നത്തെ പ്രചരണം നിര്‍ത്തിവെച്ച് പാലായിലെ മാണിയുടെ ​വീട്ടിലേക്ക് എത്തുന്നുണ്ട്.