കുഞ്ഞ് ജനിക്കുന്നതിനു മുന്നോടിയായി സംഘടനകൾക്ക് സഹായവും സമ്മാനവും! ഹാരി– മേഗൻ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു? ; സംശയമുയർത്തി കുറിപ്പ്

2019-04-17 02:27:38am |

ഹാരി രാജകുമാരനും മേഗൻ മാർക്കിളും ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്. പുതിയ രാജകുടുംബാംഗത്തിന്റ വരവിൽ ജനങ്ങളും പാപ്പരാസികളും ആകാംക്ഷയിലാണ്. കുഞ്ഞിന്റെ കാര്യങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കാനാണു ഹാരിയുടെയും മേഗന്റെയും തീരുമാനം. പ്രശസ്തിയെക്കാൾ കുഞ്ഞിന്റെ സ്വകാര്യതയ്ക്കാണു പ്രാധാന്യം നൽകുന്നതെന്ന് ഉറച്ച സ്വരത്തിൽ ഇവർ വ്യക്തമാക്കിയതോടെ, രാജകുടുംബം ഔദ്യോഗികമായി പുറത്തു വിടുമ്പോൾ മാത്രമേ ഇനി കാര്യങ്ങൾ അറിയാൻ സാധിക്കൂ. എന്നാൽ ഇവർക്ക് കുഞ്ഞു ജനിച്ചു എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് പാപ്പരാസികളുടെ സംശയത്തിനു കാരണം.

തങ്ങളുടെ കുഞ്ഞ് ജനിക്കുന്നതിനു മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവര്‍ത്തിക്കുന്ന സംഘടനകൾക്ക് സഹായവും സമ്മാനവും നൽകാന്‍ ഹാരിയും മേഗനും ആവശ്യപ്പെട്ടിരുന്നു. പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെ ആയിരുന്നു ഇതു നടപ്പിലാക്കിയത്. രാജകുടുംബത്തിന്റെ ഉത്തരവ് നടപ്പിലാക്കിയതായും എന്തൊക്കെയാണ് ചെയ്തതെന്നും പൊതുജനങ്ങളെ വ്യക്തമാക്കുന്നതായിരുന്നു സക്സസ് റോയൽ എന്ന ഔദ്യോഗിക ഇൻസ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ്. ഇതോടെ കുഞ്ഞു ജനിച്ചു എന്ന സംശയം പലരും പ്രകടിപ്പിച്ചത്.

വില്യം–കേറ്റ് ദമ്പതികളുടെ മൂന്നു കുട്ടികളുടെ ജനനസമയത്തും ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയിലെ സ്വകാര്യ മെറ്റേണിറ്റി യൂണിറ്റിനു മുന്നിൽ മാധ്യമങ്ങളുടെ വൻപട തടിച്ചു കൂടിയിരുന്നു. കുഞ്ഞുങ്ങൾ ജനിച്ച് ദിവസങ്ങൾക്കകം വില്യം–കേറ്റ് ദമ്പതികൾ കുഞ്ഞുങ്ങൾക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തു. 

എന്നാൽ പതിവു രീതികളൊന്നും പിന്തുടരേണ്ടതില്ലെന്ന തീരുമാനം ഹാരിയും മേഗനും എടുത്തതിനാൽ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് എപ്പോള്‍ സ്ഥിരീകരണം ലഭിക്കുമെന്ന് അറിയില്ല. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരങ്ങൾ അറിയിക്കാനുള്ള അവസരം കൊടുത്തതിനുശേഷം മാത്രമേ ബക്കിങ്ഹാം പാലസ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കൂ.

രണ്ടു ദിവസങ്ങൾക്കു ശേഷമായിരിക്കും ഈ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ രാജകുടുംബത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ വാർത്ത കാത്തിരിക്കുകയാണ് പലരും. ഇതിനിടയിലാണ് കുഞ്ഞു ജനിച്ചു എന്ന തരത്തിൽ ചൂടൻ ചർച്ചകളും തുടങ്ങിയിരിക്കുന്നത്.