Latest News

സ്വന്തംപേരില്‍ വീടുള്ളവര്‍ക്ക് വാര്‍ധക്യകാല സര്‍ക്കാര്‍ പരിചരണം സൗജന്യമാകില്ല! ടോറികളുടെ പ്രകടന പത്രികയില്‍ ബ്രെക്‌സിറ്റും സാമ്പത്തിക സുസ്ഥിരതയും മാത്രം

2017-05-20 02:39:06am |

ലണ്ടന്‍: ക്ഷേമ പദ്ധതികള്‍ എന്ന പേരില്‍ പുതിയ നിയന്ത്രണങ്ങളും സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളും കുത്തിനിറച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടനപത്രിക. കുടിയേറ്റ നിയന്ത്രണത്തിനു കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചും ബ്രെക്‌സിറ്റിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക വാണിജ്യ വെല്ലുവിളികളെ നേരിടാന്‍ ശക്തമായ സമ്പദ്ഘടന ഉറപ്പുനല്‍കിയുമുള്ള പ്രകടന പത്രിക സാധാരണക്കാരെ എത്രകണ്ട് തൃപ്തരാക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.

സോഷ്യല്‍ ഫണ്ടിങ്ങില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കനത്ത നിയന്ത്രണങ്ങള്‍ സാധാരണക്കാരനു തിരിച്ചടിയാകും. 100,000 പൗണ്ടിലധികം ആസ്തിയുള്ളവര്‍ മാത്രമേ  വാര്‍ധക്യകാല പരിചരണങ്ങള്‍ക്ക് പണം നല്‍കേണ്ടതുള്ളൂ എന്നു പറയുമ്പോള്‍ ഇതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഭൂരിഭാഗംപേരെയും പരിധിയില്‍നിന്നും ഒഴിവാക്കുകയാണ്. 23,000 പൗണ്ടില്‍ കുടുതല്‍ ആസ്തിയുള്ളവര്‍ നേരത്തെ പരിചരണത്തിനു തുക നല്‍കണമായിരുന്നു. എന്നാല്‍ പുതിയ പരിധി കണക്കാക്കുമ്പോള്‍ അവരുടെ പേരിലുള്ള വീടിന്റെ വിലയും കൂടി ഉള്‍പ്പെടുത്തും. ചുരിക്കിപറഞ്ഞാല്‍ സ്വന്തംപേരില്‍ വീടുള്ളവര്‍ക്ക് സര്‍ക്കാര്‍ പരിചരണം സൗജന്യമാകില്ല എന്നര്‍ഥം.  

ബ്രിട്ടനെ എല്ലാ രംഗത്തും ബ്രിട്ടന്റെ സ്ഥാനം മുന്‍പന്തിയില്‍ നിലനിര്‍ത്തുന്ന മുഖ്യധാരാ സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പാര്‍ട്ടി നേതാവുകൂടിയായ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചു. സാമ്പത്തിക സുസ്ഥിരതയും ബ്രെക്‌സിറ്റും നടപ്പാക്കാനാണ് തന്റെ ശ്രമങ്ങളെന്നും പ്രകടനപത്രികയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്ക് ആദായ നികുതിയോ നാഷനല്‍ ഇന്‍ഷുറന്‍സോ വര്‍ധിപ്പിക്കില്ലെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടോറികള്‍ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനം.

എന്നാല്‍ ഇക്കുറി ഇങ്ങനെയൊരു വാഗ്ദാനമില്ല. മൂല്യവര്‍ധിത നികുതി വര്‍ധിപ്പിക്കില്ലെന്നുമാത്രം എടുത്തുപറയുമ്പോള്‍ മറ്റു നികുതികളുടെ കാര്യത്തില്‍ മൗനമാണ്. 2025 ആകുമ്പോഴേക്കും കമ്മി ഒഴിവാക്കി ബജറ്റ് ബാലന്‍സ് ഉറപ്പുവരുത്തും. കുടിയേറ്റനിരക്ക് ലക്ഷങ്ങളുടെ കണക്കില്‍നിന്നും ഒരു ലക്ഷത്തിനു താഴെയെത്തിക്കാനുള്ള കനത്ത നിയന്ത്രണങ്ങളാണ് മറ്റൊരു വാഗ്ദാനം. ഇതിനായി കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് ആയിരത്തില്‍നിന്നും രണ്ടായിരമായി ഉയര്‍ത്തും.

കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസ് ചികില്‍സയ്ക്ക് എമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള മറ്റ് കനത്ത നിര്‍ദേശങ്ങളും നടപ്പാക്കും. എന്‍എച്ച്എസിനായി ഓരോ വര്‍ഷവും എട്ട് ബില്യണ്‍ പൗണ്ട് അധികമായി നീക്കിവയ്ക്കും. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സ്‌കോട്ടീഷ് റഫറണ്ടത്തിന് അനുമതിയില്ല എന്നതാണ് പ്രകടനപത്രികയിലെ പ്രധാന പോയിന്റുകളിലൊന്ന്. ഇടക്കാല തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി തീരുമാനമെടുത്തതുതന്നെ സ്‌കോട്ടീഷ് റഫറണ്ടമെന്ന ആവശ്യത്തിന് തടയിടാനായിരുന്നു. ഇത് വ്യക്തമായി പ്രഖ്യാപിക്കുക കൂടിയാണ് പ്രകടനപത്രികയിലൂടെ തെരേസ മേയ് ചെയ്തിരിക്കുന്നത്. ബ്രിട്ടന്റെ ഭാഗമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സ്‌കോട്ടീഷുകാരുടെ വോട്ടുകള്‍ ഒന്നടങ്കം നേടാന്‍ ഈ നീക്കം സഹായിക്കും.

എല്ലാ പെന്‍ഷന്‍കാര്‍ക്കും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിന്റര്‍ ഫ്യൂവല്‍ അലവന്‍സ് കുറഞ്ഞ വരുമാനക്കാര്‍ക്കു മാത്രമായി നിജപ്പെടുത്താനുള്ള നിര്‍ദേശമാണ് മറ്റൊന്ന്. എല്ലാവര്‍ക്കും ചെറിയൊരു തുക ഒറ്റത്തവണ പേയ്‌മെന്റ് ലഭിക്കുമെങ്കിലും മഞ്ഞുകാലത്തെ എല്ലാ മാസവുമുള്ള പ്രത്യേക അലവന്‍സ് കുറഞ്ഞ വരുമാനക്കാര്‍ക്കു മാത്രമാകും ലഭിക്കുക.

ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതികള്‍ സംരക്ഷിക്കുന്നതിന് നിലവിലുള്ള ട്രിപ്പിള്‍ ലോക്ക് സംവിധാനം നിര്‍ത്തലാക്കി പുതിയ ഡബിള്‍ ലോക്ക് സംവിധാനം കൊണ്ടുവരും. പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ തുടങ്ങാനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയും. സ്‌കൂളുകളുടെ വികസനത്തിന് അഞ്ചുവര്‍ഷത്തേക്ക് നാല് ബില്യണ്‍ പൗണ്ട് അധികമായി കണ്ടെത്തും. രണ്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ഉച്ചഭക്ഷണം നിര്‍ത്തലാക്കി പകരം എല്ലാ പ്രൈമറി കുട്ടികള്‍ക്കും പ്രഭാതഭക്ഷണം സൗജന്യമായി നല്‍കും. ഫോക്‌സ് ഹണ്ടിങ്ങിനുള്ള നിയന്ത്രണം നീക്കണമോ എന്നു തീരുമാനിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വോട്ടെടുപ്പു നടത്തും.

ഇതിനിടെ സോഷ്യല്‍ കെയര്‍ ഫണ്ടിങ്ങില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ടോറി നീക്കത്തിനെതിരേ നിശിത വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് ജെറമി കര്‍ബിന്‍ രംഗത്തെത്തി. ഡിമെന്‍ഷ്യക്കു പോലും നികുതി ഏര്‍പ്പെടുത്തുന്ന സമീപനമാണ് ടോറികള്‍ സ്വീകരിക്കുന്നതെന്നായിരുന്നു കോര്‍ബിന്റെ വിമര്‍ശനം.