Latest News

ലൂട്ടണില്‍ സ്റ്റെയര്‍കേസില്‍ നിന്നു വീണു മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്ക്, സംസ്‌കാരം ഞായറാഴ്ച; യുക്മയുടെ സഹായധനം കൈമാറി

2017-05-20 02:49:30am |

ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനിൽ വീട്ടിൽ വച്ചുണ്ടായ അപകടത്തെത്തുടർന്ന് അന്തരിച്ച ജിൻസിയുടെ കുടുംബത്തിന് യുക്മയുടെ സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. മെയ് 17-ന് ലൂട്ടൻ ഹോളി ഗോസ്റ്റ് കത്തോലിക്കാ ദേവാലയത്തിൽ പ്രാർത്ഥനയ്ക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ സമയത്താണ് യുക്മക്ക് വേണ്ടി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡണ്ട് രഞ്ജിത്ത് കുമാർ യുക്മ സാന്ത്വനത്തിന്റെ സഹായധനം ജിൻസിയുടെ അന്തിമകർമ്മങ്ങളുടെ ആവശ്യങ്ങളിലേക്കായി ഫ്യുണറൽ ഡയറക്ടേഴ്‌സിനെ ഏൽപ്പിച്ചത്

 

ഭർതൃ സഹോദരന്റെ വീട്ടിൽ വച്ച് സ്റ്റെപ് കയറിയപ്പോൾ പുറകോട്ടു മറിഞ്ഞു വീണപ്പോൾ തലക്കേറ്റ ആഘാതമാണ് മരണകാരണം. അപകടത്തെത്തുടർന്ന് കേംബ്രിഡ്ജ് ആദംബ്രൂക്ക് ഹോസ്പിറ്റലിൽ പ്രവേശിച്ചിരുന്ന ജിൻസി മെയ് അഞ്ചാം തീയതി പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി നിത്യതയുടെ ലോകത്തേക്ക് യാത്രയാകുകയായിരുന്നു.

ജിന്സിയുടെ ഭൗതികശരീരം ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി.

 

മെയ് 21 ഞായറാഴ്ച പത്തനംതിട്ട  വായത്തല സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിക്കും. യു കെ യിൽ നിര്യാതരാകുന്നവരുടെ ഭൗതികശരീരം നാട്ടിൽ എത്തിച്ചോ യു കെ യിൽ വച്ചോ നടത്തുന്ന സംസ്കാര കർമ്മങ്ങളുടെ ചിലവുകൾ, ആവശ്യപ്പെടുന്ന പക്ഷം യുക്മ വഹിക്കുമെന്ന് 2017 - 19 വർഷത്തെ യുക്മ നാഷണൽ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ വച്ച് തന്നെ യുക്മ നാഷണൽ കമ്മിറ്റി തീരുമാനിച്ചിരുന്നു.

ആദ്യ യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ തന്നെ പിരിവിട്ട് ആദ്യ സാന്ത്വനസഹായ നിധി സ്വരൂപിക്കുകയും ചെയ്തു. അതിനുശേഷം സാന്ത്വനം എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ആവശ്യമുള്ളപ്പോൾ മാത്രം അംഗങ്ങളിൽ നിന്ന് സഹായമഭ്യർത്ഥിക്കുന്ന രീതിയാണ് സാന്ത്വനം അവലംബിച്ചു വരുന്നത്. ഇത് സാന്ത്വനത്തിന്റെ രണ്ടാമത്തെ സഹായമായിരുന്നു. ഓരോ പ്രാവശ്യവും സഹായ നിധി സ്വരൂപിച്ചു കഴിയുമ്പോൾ തന്നെ അക്കൗണ്ട് നിലവാരവും വരവ്- ചെലവ്- നീക്കിയിരുപ്പ് കണക്കുകളും അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തന്നെ പ്രസിദ്ധീകരിച്ച് പ്രവർത്തനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

മുൻ യുക്മ നാഷണൽ പ്രസിഡണ്ട് ഫ്രാൻസീസ് മാത്യു കവളക്കാട്ടിലിന്റെ മേൽനോട്ടത്തിൽ, യുക്മ ചാരിറ്റി ഫൗണ്ടെഷന്റെ ഭാഗമായാണ് സാന്ത്വനം പ്രവർത്തിക്കുന്നത്. യുക്മയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമാകാൻ താത്‌പര്യമുള്ളവർ താഴെ യുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു

https://chat.whatsapp.com/DQUbltBGofC9923mRSJ2Nu