Latest News

83 ലക്ഷം ഫോളോവേഴ്സുള്ള ഗ്രംപിയ്ക്ക് വിട, ഉടമകൾ നേടിയത് 10 കോടി ഡോളർ! ഇന്റര്‍നെറ്റ് താരങ്ങളില്‍ ഒന്നായിരുന്ന ഗ്രംപി ക്യാറ്റ് ഓര്‍മ്മയായി

2019-05-22 02:55:48am |

അമേരിക്കയുടെ ഇന്റര്‍നെറ്റ് താരങ്ങളില്‍ ഒന്നായിരുന്ന ഗ്രംപി ക്യാറ്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൂച്ചകളിലൊന്നിന് ഏഴാം വയസ്സില്‍ അന്ത്യം. ഗ്രംപി ക്യാറ്റിന്റെ ഫെയ്‌സ്ബുക് പേജിന് 83 ലക്ഷം ഫോളോവര്‍മാരാണ് ഉണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടരലക്ഷത്തോളം പേര്‍ പൂച്ചയെ ഫോളോ ചെയ്തിരുന്നെങ്കില്‍, ഒന്നര ലക്ഷത്തോളം പേരാണ് ട്വിറ്റര്‍ പേജ് പിന്തുടര്‍ന്നിരുന്നത്. 260,000 ലേറെ പേരാണ് യൂട്യൂബില്‍ ഗ്രംപി ക്യാറ്റിന്റെ പേജ് സബ്‌സ്‌ക്രൈബ് ചെയ്തിരുന്നത്. 

പൂച്ച നിരവധി തവണ മാധ്യമങ്ങളില്‍ മുഖംകാണിച്ചിട്ടുമുണ്ട്. ദുര്‍മ്മുഖംകാട്ടല്‍ (grumpy) പോലെ തോന്നിക്കുന്ന അതിന്റെ മുഖഭാവം പലരിലും ഒരു ചിരി കൊണ്ടുവന്നു എന്നതാണ് പ്രശസ്തമാകാന്‍ കാരണം. ഈ ഭാവം അതിന്റെ ഉടമകള്‍ വിറ്റ് ദശലക്ഷക്കണക്കിനു ഡോളര്‍ സമ്പാദിക്കുകയും ചെയ്തുവെന്നത് എന്തും വിപണനം ചെയ്യാനുള്ള മനുഷ്യന്റെ മിടുക്കിന് ഒരു ഉദാഹരണവുമാണ്. ഇതിന്റെ വിചിത്രമായ ഭാവം ഒരു രോഗത്തിന്റെ ഭാഗമായിരുന്നുവത്രെ. 

എന്തായാലും ഗ്രംപി ക്യാറ്റിന്റെ വിയോഗത്തോടെ ഇന്റര്‍നെറ്റ് ലോകത്തിന്റെ ഒരധ്യായത്തിനു കൂടെ അന്ത്യമാകുകയാണ് എന്നും പറയുന്നു. പുതിയ ട്രെന്‍ഡുകള്‍ നോക്കിയാല്‍ ഇന്റര്‍നെറ്റ് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വാതിലുകള്‍ തുറക്കാനാണ് ഇപ്പോള്‍ മുൻപെങ്ങുമില്ലാത്ത രീതിയില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അന്ത്യം

തങ്ങളുടെ പൂച്ചയുടെ വിയോഗത്തില്‍ അത്യന്തം ദുഃഖിതാരാണ് എന്നാണ് ഉടമകള്‍ പുറത്തുവിട്ട അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം തങ്ങള്‍ പൂച്ചയ്ക്കു ലഭ്യമാക്കിയിരുന്നു. മൂത്രനാളിയിലുണ്ടായ അണുബാധയായിരുന്നു മരണ കാരണം. തങ്ങളുടെ കുടുംബാഗം ലോകമെമ്പാടുമുള്ള പലരിലും അവരുടെ പരീക്ഷണ ഘട്ടങ്ങളില്‍ പോലും ഒരു ചിരി കൊണ്ടുവന്നിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ജന്മനാ ഉണ്ടായ ഒരു വൈകല്യമായിരുന്നു പൂച്ചയുടെ മുഖഭാവത്തിനു പിന്നില്‍. ഇതു മുതലാക്കി ദശലക്ഷക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന ഒരു സാമ്രാജ്യമാണ് ഉടമകള്‍ ഈ ചെറിയ കാലത്തിനുള്ളില്‍ കെട്ടിപ്പെടുത്തത് എന്നതും കാണാം. 

വിവിധ തരം മെര്‍ക്കച്ചന്‍ഡൈസുകള്‍ (വില്‍പനച്ചരക്കുകള്‍ ഉദാ: പൂച്ചയുടെ പടമുള്ള ബനിയന്‍), പുസ്തകങ്ങള്‍, ഒരു ലൈഫ്‌ടൈം മൂവി തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. ഏകദേശം 1,000,000 നും 100,000,000 നുമിടയിൽ‌ ഡോളര്‍ പൂച്ചയുടെ പേരിലുള്ള സാധനങ്ങളുടെ വിപണനത്തിലൂടെ ഉടമകള്‍ സമ്പാദിച്ചിട്ടുണ്ട് എന്നാണ് അനുമാനം.

ഗ്രംപി ക്യാറ്റ് എങ്ങനെ പ്രശസ്തയായി?

റെഡിറ്റ് (Reddit) പ്രശസ്തമായി വരുന്ന 2012 കാലഘട്ടത്തില്‍ അപ് വോട്ടുകള്‍ക്കായി മൃഗങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്ന രീതിയുണ്ടായിരുന്നു. പൂച്ചകളോടായിരുന്നു ഉപയോക്താക്കള്‍ക്കൂ കൂടുതല്‍ പ്രിയം. വല്ലപ്പോഴും പട്ടകിളും അരങ്ങുവാണിരുന്നു. ആ വര്‍ഷം സെപ്റ്റംബര്‍ 22ന് ബ്രയന്‍ ബുന്‍ഡസെന്‍ എന്നയാള്‍ തന്റെ പെങ്ങളായ തബാതയുടെ പൂച്ചയായ ടര്‍ഡാര്‍ സോസിന്റെ (Tardar Sauce പല ഉച്ചാരണങ്ങള്‍ ലഭ്യമാണ്) ചിത്രം റെഡിറ്റില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. കുള്ളത്തം എന്ന അസുഖം ബാധിച്ചിരുന്ന ഈ പൂച്ചയുടെ മുഖത്തിന് ഒരു സദാ പരാതിക്കാരിയുടെ ഭാവമായിരുന്നു. ഇന്റര്‍നെറ്റ് ഈ മുഖഭാവത്തോട് വല്ലാതെ ഇഷ്ടം തോന്നി അത് വൈറലാകുകയാരിന്നു. മീമുകളും ട്രോളുകളും പ്രശ്തമായിവരുന്ന കാലമായിരുന്നു അത്.

ഗ്രംപി ക്യാറ്റിന്റെ ജീവിതകാലം ഇന്റര്‍നെറ്റിന്റെ നല്ല കാലഘട്ടത്തില്‍ പെടുത്താമെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. അത് വളര്‍ച്ചയുടെയും സന്തോഷത്തിന്റെയും നിഷ്‌കളങ്കതയുടെയും ഉന്മേഷം പകരലിന്റെയുമൊക്കെ കാലമായിരുന്നു. ഇപ്പോഴാകട്ടെ വെറുപ്പും കലഹവുമടക്കമുള്ള കാര്യങ്ങള്‍ ഇന്റര്‍നെറ്റ് കയ്യേറുകയാണ്. വരും വര്‍ഷങ്ങള്‍ ഇത് കൂടുതല്‍ പ്രതിഫലിപ്പിച്ചേക്കാം എന്നാണ് പറയുന്നത്. എന്തായാലും ഗ്രംപി ക്യാറ്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുശോചന പ്രവാഹമാണിപ്പോള്‍.