Latest News

അമേരിക്കൻ പെൺവാണിഭക്കാരന്‍റെ സൗഹൃദ വലയത്തിൽ ട്രംപ് മുതൽ ക്ലിന്‍റൺ വരെ! ജെഫ്രി പിടിക്കപ്പെട്ടതിന് ശേഷവും പ്രമുഖരിൽ പലരും പിന്തുണയുമായി രംഗത്ത്

2019-07-11 02:03:33am |

ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി പെൺവാണിഭം നടത്തിയതിന് അറസ്റ്റിലായ അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്‍റെ ഞെട്ടിക്കുന്ന സൗഹൃദ വലയമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ പുതിയ ചർച്ച. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുതൽ തുടങ്ങുന്ന രാഷ്ട്രീയ, വ്യാപാര രംഗത്തെ പ്രമുഖരുടെ നിരയാണത്. പ്രമുഖരിൽ പലരും ജെഫ്രി പിടിക്കപ്പെട്ടതിന് ശേഷവും പിന്തുണയുമായി രംഗത്തുണ്ടെന്നതാണ് വിവരം.

''ജെഫ്രിയെ 15 വർഷമായി അറിയാം. അദ്ദേഹം വളരെ തമാശക്കാരനാണ്. അദ്ദേഹത്തിന് സുന്ദരികളെ ഏറെ ഇഷ്ടമാണ്, എനിക്കും അങ്ങനെ തന്നെ. ഇഷ്ടക്കാരിൽ കൂടുതലും പെൺകുട്ടികളാണ്. ജെഫ്രി ജീവിതം ആസ്വദിക്കുന്നയാളാണ്'' -ട്രംപ് ന്യൂയോർക്കിലെ പ്രധാന വ്യവസായി ആയിരുന്ന സമയത്ത് എപ്സ്റ്റൈനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിതെന്ന് ന്യൂയോർക്ക് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. എപ്സ്റ്റൈന്‍റെ അഡ്രസ് ബുക്ക് 2009ൽ മാധ്യമങ്ങൾ ചോർത്തിയിരുന്നു. അതിൽ ട്രംപിന്‍റെയും ഭാര്യ മെലാനിയയുടെയും സ്റ്റാഫുകളുടെയും ഫോൺ നമ്പറുകൾ കണ്ടെടുത്തിരുന്നു. എന്നാൽ, പ്രസിഡന്‍റായപ്പോൾ ചീത്തപ്പേരാകുമെന്ന് മനസ്സിലാക്കി ട്രംപ് സൗഹൃദത്തിൽ നിന്ന് അകന്നു. എപ്സ്റ്റൈനുമായി യാതൊരു ബന്ധവുമില്ലെന്നാണ് ട്രംപ് ഓർഗനൈസേഷന്‍റെ അറ്റോർണി പറഞ്ഞത്. പെൺവാണിഭത്തിന് പിടിയിലായതോടെ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് ഉപദേഷ്ടാവും ഇക്കാര്യം ആവർത്തിച്ചു.

അമേരിക്കൻ മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ എപ്സ്റ്റൈന്‍റെ സ്വകാര്യ വിമാനത്തിൽ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ വൻകരകളിലെ വിവിധ രാജ്യങ്ങളിൽ കറങ്ങിയിരുന്നു. 26 തവണയാണ് യാത്ര നടത്തിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2002ൽ എപ്സ്റ്റൈന്‍റെ കാരുണ്യപ്രവർത്തനങ്ങളെ ക്ലിന്‍റൺ പ്രകീർത്തിച്ചിരുന്നു. എന്നാലിപ്പോൾ എപ്സ്റ്റൈന്‍റെ പെൺവാണിഭത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ക്ലിന്‍റന്‍റെയും ഒൗദ്യോഗിക പ്രസ്താവന.

ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രിൻസ് ആൻഡ്രൂവും എപ്സ്റ്റൈനുമായി അടുത്ത ബന്ധം പുലർത്തി.1990കളുടെ തുടക്കത്തിലാണ് ഇരുവരും തമ്മിൽ സൗഹൃദം ആരംഭിച്ചതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തായ്ലൻഡിലടക്കം ഇരുവരും വിരുന്നുകളിൽ പങ്കെടുത്തിരുന്നു. പ്രിൻസ് ആൻഡ്രൂ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് എപ്സ്റ്റൈനെതിരെ കേസ് നൽകിയ യുവതികളിൽ ഒരാളായ മിസ് റോബർട്ട്സ് മൊഴി നൽകിയിട്ടുണ്ട്. താൻ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലണ്ടനിലും ന്യൂയോർക്കിലും എപ്സ്റ്റൈന്‍റെ ഉമസ്ഥതയിലെ കരീബിയൻ ദ്വീപിലും വെച്ചായിരുന്നു പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നൽകിയത്. എന്നാൽ രാജകുമാരനെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബക്കിങ്ഹാം കൊട്ടാരം പ്രസ്താവന ഇറക്കി.

ഇവരെക്കൂടാതെ, ഹാർവാർഡ് നിയമ പ്രൊഫസർ അലൻ ദെറിഷോവിറ്റ്സുമെല്ലാം എപ്സ്റ്റൈന്‍റെ സൗഹൃദ വലയത്തിലുണ്ട്. ധനകാര്യ സ്ഥാപനമായ ഹെഡ്ഗെയുടെ മുൻ ഫണ്ട് മാനേജറാണ് ജെഫ്രി എപ്സ്റ്റൈൻ. പെൺവാണിഭക്കേസിൽ ന്യൂ ജഴ്സിയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 45 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഞാൻ ജനങ്ങളിലും രാഷ്ട്രീയത്തിലുമാണ് നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് 2002ൽ ജെഫ്രി എപ്സ്റ്റൈൻ പറഞ്ഞിരുന്നു. എന്നാൽ അതിന്‍റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് എപ്സ്റ്റൈൻ പിടിയിലായപ്പോഴാണ് അമേരിക്ക അറിയുന്നത്.