Latest News

ബാര്‍ബിക്യൂവിന്റെ മണം സഹിക്കാന്‍ കഴിയുന്നില്ല, കുട്ടികളുടെ കളികളും ശല്യമാണ്; അയല്‍വാസിക്കെതിരെ പരാതിയുമായി ഓസ്‌ട്രേലിയന്‍ വനിത കോടതിയില്‍

2019-09-04 03:12:05am |

പെര്‍ത്ത്: അയല്‍വാസി ഉണ്ടാക്കുന്ന ബാര്‍ബിക്യൂവിന്റെ മണം സഹിക്കാന്‍ പറ്റുന്നില്ല, കുട്ടികള്‍ മുറ്റത്ത് കളിക്കുന്നതിന്റെ ബഹളം ശല്യപ്പെടുത്തുന്നു. വളര്‍ത്തുപക്ഷികളും, ചെടികളും എല്ലാം ശല്യമാകുന്നു. അയല്‍വാസികള്‍ക്കെതിരെ പരാതിയുമായി കോടതികള്‍ കയറിയിറങ്ങുകയാണ് ഒരു ഓസ്‌ട്രേലിയന്‍ വനിത.

പെര്‍ത്തിലാണ് സംഭവം. സില്ല ഗാര്‍ഡന്‍ എന്ന സ്ത്രീയാണ് പരാതിക്കാരി. അയല്‍വാസി ഉണ്ടാക്കുന്ന ബാര്‍ബിക്യൂവിന്റെ മണവും കുട്ടികളുടെ ബഹളവും റസിഡന്‍ഷ്യല്‍ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് അവര്‍ ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചത്. എന്നാല്‍ പരാതി യുക്തിക്ക് നിരക്കാത്തതും തെളിവില്ലാത്തതുമാണെന്ന് കാണിച്ച് കോടതികള്‍ തള്ളി.

തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാര്‍ നടുമുറ്റത്ത് വച്ചിരിക്കുന്ന ചെടികള്‍ പൊതുവായ പൂന്തോട്ടത്തിലേക്ക് മാറ്റുക, വളര്‍ത്തുജീവികളെ നിശബ്ദരാക്കുക, മുറ്റത്തുള്ള ലൈറ്റുകള്‍ കുറയ്ക്കുക, കുട്ടികളുടെ ബഹളം നിയന്ത്രിക്കുക, ബാര്‍ബിക്യൂ, സിഗരറ്റ് ഗന്ധം ഇല്ലാതാക്കുക തുടങ്ങിയ ഒരുപറ്റം ആവശ്യങ്ങളാണ് അവര്‍ മുന്നോട്ടുവച്ചത്.

സുപ്രീം കോടതി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് അയല്‍വീട്ടില്‍ നിന്നുള്ള ഇത്തരം അസ്വസ്ഥതകള്‍ നിയമവിരുദ്ധമാണെന്നാണ് അവരുടെ വാദം. വെജിറ്റേറിയനായ തനിക്ക് ഈ ഗന്ധങ്ങളൊക്കൊ വളരെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ മുറ്റത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. കോടതികള്‍ കേസ് തള്ളുന്ന സാഹചര്യത്തില്‍ മററ് നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.