Latest News

ബ്രക്​സിറ്റ്​: ഇനി മാറ്റങ്ങളു​ടെ കാലം, ചിലത്​ മാറാത്ത കാലം!

2020-02-02 03:18:07am |

ലണ്ടൻ: മൂന്നര വർഷം, മൂന്ന്​ പ്രധാനമന്ത്രിമാർ, 2016 മുതലുള്ള മാരത്തൺ ചർച്ചകൾ... എല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂർത്തിയാക്കി, 47 വർഷത്തെ ബാന്ധവം ബ്രിട്ടനും യൂറോപ്യൻ യൂനിയനും അവസാനിപ്പിച്ചു. വെള്ളിയാഴ്​ച രാത്രി ലണ്ടൻ സമയം 11.01ന്​ (ഇന്ത്യൻ സമയം ശനിയാഴ്​ച പുലർച്ചെ 4.30) ബ്രിട്ടൻ എക്സിറ്റ് എന്നർഥമുള്ള  ‘ബ്രക്​സിറ്റ്​’  യാഥാർഥ്യമായി. അടുത്ത 11 മാസം പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്). അതുവരെ യു.കെ യൂറോപ്യൻ യൂനിയനിൽ ‘അതിഥി‘യായി തുടരും. 

പുതിയ മാറ്റത്തി​​െൻറ ആഘോഷമായിരുന്നു​ യു.കെയിലെ തെരുവുകളിലെങ്ങും. യു.കെ ചരിത്രത്തിലെ അതിഗംഭീര ദിനം അതിഗംഭീരമാക്കി​ ബ്രിട്ടീഷ്​ ജനത. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്​മ വിടുന്ന ആദ്യ രാജ്യമെന്ന പദവിയുമായാണ്​ യു.കെ യൂനിയനിൽ നിന്ന്​ മടങ്ങുന്നത്​. രാവിലെ ബ്രസൽസിലെ പാർലമ​െൻറ്​ മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തുന്നതോടെ ബ്രക്​സിറ്റിന് ഔദ്യോഗിക വിളംബരമാകും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും ഈ പതാക പിന്നീട് സ്ഥാപിക്കുക. 

നേരത്തെ ബ്രിട്ടീഷ് പാർലമ​െൻറും കഴിഞ്ഞദിവസം യൂറോപ്യൻ പാർലമ​െൻറും അംഗീകരിച്ച ബ്രക്​സിറ്റ്​ വേർപിരിയൽ കരാറിലെ  വ്യവസ്ഥകൾ അനുസരിച്ചാകും ഇരുപക്ഷവും തമ്മിലുള്ള ഭാവി ബന്ധവും സഹകരണവും. 
വാണിജ്യം, വ്യാപാരം, നയതന്ത്രം തുടങ്ങിയ കാര്യങ്ങൾ സാധാരണ നില​യിലേക്ക്​ കൊണ്ടുവരുന്നതിന്​ അനുവദിച്ച സമയം 2020 ഡിസംബർ 31വരെയാണ്​. അതിനാൽ, അംഗത്വം ഒഴിവായെങ്കിലും ശേഷിക്കുന്ന 11 മാസക്കാലം ചില ഇടപാടുകൾ തടസ്സമില്ലാതെ നടത്താം. ഈ കാലയളവിൽ യൂറോപ്യൻ യൂനിയനിൽ ശേഷിക്കുന്ന 27 രാജ്യങ്ങളുമായി ബ്രിട്ടന്​ കരാറുകളുണ്ടാക്കാം. പെട്ടെന്ന് പ്രത്യക്ഷത്തിലുള്ള മാറ്റങ്ങൾ ഇരുപക്ഷത്തെയും പൗരന്മാരെ ബാധിക്കുകയുമില്ല. എന്നാൽ, യൂനിയനിലെ രാഷ്​ട്രീയ സ്​ഥാപനങ്ങളിലോ ഏജൻസികളിലോ പങ്കാളിത്തമുണ്ടാകില്ല. യൂറോപ്യൻ പാർലമ​െൻറിൽ ബ്രിട്ടീഷ്​ അംഗങ്ങളും ഉണ്ടാകില്ല. ഇക്കാലയളവിൽ യൂറോപ്യൻ യൂനിയൻ നിയമങ്ങളും ബ്രിട്ടൻ പിന്തുടരും. നിയമ തർക്കങ്ങളിൽ യൂറോപ്യൻ നീതിന്യായ കോടതി അവസാന വാക്ക്​ ആകും. വ്യാപാരബന്ധങ്ങളും യാത്രാ സൗകര്യങ്ങളുമൊക്കെ സമാനമായി നിലനിൽക്കുന്നതിനാൽ ഫലത്തിൽ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും കാര്യമായ മാറ്റം അനുഭവപ്പെടില്ല.

പാസ്​പോർട്ട്​ നീല കളറിലേക്ക്​, സൗഹൃദ സന്ദേശവുമായി ബ്രക്​സിറ്റ്​ നാണയങ്ങളും

യൂറോപ്യൻ യൂനിയൻ പാർലമ​െൻറിൽ ഇനി ബ്രിട്ടീഷ്​ പ്രതിനിധികൾ ഉണ്ടാകില്ലയെന്നതാണ്​ വരാൻ പോകുന്ന പ്രധാന മാറ്റം. ബ്രിട്ടനിൽ ബ്രക്​സിറ്റി​​െൻറ ഏറ്റവും വലിയ വക്താവായ നൈജൽ ഫെറാജിനെ പോലുള്ള 73 പരിചിത മുഖങ്ങൾ യൂറോപ്യൻ പാർലമ​െൻറ്​ അംഗങ്ങൾ ‘മിസ്​ ചെയ്യും’. യൂറോപ്യൻ യൂനിയൻ ഉച്ചകോടികളിൽ ഇനി ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസന്​ ക്ഷണിക്കപ്പെട്ട അതിഥിയായി മാത്രമേ പ​​ങ്കെടുക്കാനാകൂ. മത്സ്യബന്ധന അതിർത്തികൾ നിശ്​ചയിക്കൽ പോലുള്ള തീരുമാനങ്ങളെടുക്കുന്ന പതിവ്​ യൂനിയൻ യോഗങ്ങളിൽ ബ്രിട്ടീഷ്​ മന്ത്രിമാർക്ക്​ പ​​ങ്കെടുക്കാനുമാകില്ല. 
യൂനിയനിൽ ഉൾപ്പെടാത്ത രാജ്യങ്ങളുമായി വ്യാപാര കരാറിൽ ഏർപ്പെടാനാകുമെന്നതാണ്​ മറ്റൊരു പുതുമ. അമേരിക്ക, ആസ്​ത്രേലിയ പോലുള്ള രാജ്യങ്ങളുമായി വ്യാപാര കരാറിലേർപ്പെടാൻ നേരത്തേ അനുമതി ഉണ്ടായിരുന്നില്ല. ഈ സ്വാതന്ത്ര്യം യു.കെയുടെ സമ്പദ്​വ്യവസ്​ഥയെ ഉയരങ്ങളിലെത്തുക്കുമെന്ന വാദമാണ്​ ബ്രക്​സിറ്റ്​ അനുകൂലികൾ ഉന്നയിച്ചിരുന്നതും. എന്നാൽ, പരിവർത്തന കാലാവധി കഴിഞ്ഞ ശേഷമേ യൂനിയനിൽപ്പെടാത്ത രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ നിലവിൽ വരൂ. 
മൂന്ന്​ പതിറ്റാണ്ടുകൾക്ക്​ മുമ്പുണ്ടായിരുന്ന നീല പാസ്​പോർട്ടി​​െൻറ മടങ്ങി വരവ്​ കൂടിയാകും ഇനി യു.കെയിൽ. 1921ൽ ഉപയോഗിച്ചു തുടങ്ങിയ നീലയിൽ സ്വർണ വർണങ്ങളുള്ള പാസ്​പോർട്ട്​ ഏ​റെക്കാലം ബ്രിട്ടീഷ്​ ജനതയുടെ അഭിമാന പ്രതീകവുമായിരുന്നു. അതേസമയം, കാലാവധി കഴിയുംവരെ നിലവിലുള്ള ബർഗുണ്ടി റെഡ്​ കളർ പാസ്​പോർട്ട്​ ഉപയോഗിക്കുകയും ചെയ്യാം. 

ഒരു വിഭാഗം എതിർക്കുന്നുണ്ടെങ്കിലും ബ്രക്​സിറ്റ്​ നാണയങ്ങളും പ്രചാരത്തിലെത്തും. ജനുവരി 31 എന്ന തീയതി രേഖപ്പെടുത്തിയ 30 ലക്ഷം നാണയങ്ങളാണ്​ പുറത്തിറങ്ങുന്നത്​. ‘എല്ലാ രാജ്യങ്ങളുമായും സമാധാനം, സൗഹൃദം, അഭ്യുദയം’എന്ന സന്ദേശവും അതിലുണ്ടാകും. യൂറോപ്യൻ യൂനിയനുമായുള്ള ചർച്ചകൾക്ക്​ 2016ൽ അന്നത്തെ പ്രധാനമന്ത്രി തെരേസ മേയ്​ കൊണ്ടുവന്ന ബ്രക്​സിറ്റ്​ വകുപ്പും ഇനി ഇല്ലാതാകും. 
ജർമനിയിലേക്ക്​ രക്ഷ​പ്പെട്ട കുറ്റവാളികളെ ഇനി ബ്രിട്ടനിലേക്ക്​ കൊണ്ടുവരികയും സാധ്യമല്ല. ജർമൻകാരായ കുറ്റവാളികളെ ബ്രിട്ടൻ അവർക്ക്​ കൈമാറേണ്ടിയും വരും.  ജർമൻ ഭരണഘടനയനുസരിച്ച്​ യൂറോപ്യൻ യൂനിയനിൽ അംഗമല്ലാത്ത രാജ്യങ്ങൾക്ക്​ കുറ്റവാളികളായ പൗരന്മാരെ കൈമാറേണ്ടതില്ല. അതേസമയം, പരിവർത്തന കാലയളവിൽ യൂറോപ്യൻ അറസ്​റ്റ് വാറണ്ട്​ നിലനിൽക്കുമെന്നാണ്​ യു​.കെ ആഭ്യന്തര മന്ത്രാലയം പറയുന്നത്​. 
എന്നാൽ, പരിവർത്തന കാലയളവ്​ വരെയെങ്കിലും മാറാത്ത പല കാര്യങ്ങളുമുണ്ട്​. വിമാന-തീവണ്ടി-കപ്പൽ യാത്രകൾ നിലവിലേതുപോ​ലെ തുടരാം. വിമാനത്താവളങ്ങളിലെ ആഗമന ടെർമിനലുകളിൽ യൂറോപ്യൻ യൂനിയൻ രാജ്യക്കാർക്ക്​ ​മാത്രം വേണ്ടിയുള്ള ക്യൂവിൽ ബ്രിട്ടീഷുകാർക്ക്​ നിൽക്കാനും അനുമതിയുണ്ട്​. കാലാവധിയുള്ള കാലം വരെ ഡ്രൈവിങ്​ ലൈസൻസും വളർത്തുമൃഗങ്ങളുടെ പാസ്​പോർട്ടും നിലനിൽക്കും. യൂറോപ്യൻ ആരോഗ്യ ഇൻഷുറൻസ്​ കാർഡി​​െൻറ ആനുകൂല്യങ്ങൾക്കും മാറ്റമുണ്ടാകില്ല. മറ്റ്​ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന ബ്രിട്ടീഷ്​ പൗരന്മാർക്ക്​ അത്​ തുടരാം. യു.കെയിലുള്ള മറ്റ്​ യൂറോപ്യൻ പൗരന്മാർക്കും ഇത്​ ബാധകമാണ്​. യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷ്​ പൗരന്മാർക്ക്​ അതത്​ രാജ്യങ്ങളിലെ പെൻഷനുകൾ സ്വീകരിക്കുന്നതിനും തടസ്സമില്ല. പരിവർത്തന കാലയളവിൽ യൂറോപ്യൻ യൂനിയൻ ബജറ്റിലേക്കുള്ള വിഹിതം ബ്രിട്ടൻ നൽകുകയും വേണം. ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം അധിക തീരുവയോ പരിശോധനയോ ഇല്ലാതെ തുടരുകയും ചെയ്യാം. 

ആശങ്കകൾ ആശ്വാസത്തിലേക്ക്​ പരിവർത്തനപ്പെടുമോ?

നിലവിലെ ആശങ്കകൾ ആശ്വാസത്തിലേക്ക്​ പരിവർത്തനപ്പെടുന്ന കാലം കൂടിയായാലേ ഡിസംബർ 30 വരെയുള്ള പരിവർത്തന കാലം ബ്രിട്ടന്​ അനുകൂലമാകൂ.  സാമ്പത്തിക നഷ്​ടങ്ങൾ ഒഴിവാക്കാൻ യൂറോപ്പുമായി വ്യാപാര ഉടമ്പടികളുണ്ടാക്കുക എന്നതാകും ബോറിസ്​ ജോൺസൺ സർക്കാറി​​െൻറ ആദ്യ മുൻഗണന. ഈ കാലയളവിൽ, സമഗ്ര കരാറുകളുണ്ടാക്കാനാകുമോ എന്ന കാര്യത്തിൽ വിദഗ്​ധർക്ക്​ ആശങ്കയുമുണ്ട്​. വ്യാപാര നിയന്ത്രണങ്ങളിൽ രാജ്യത്തിനുള്ള പരമാധികാരം എന്ന ആശയത്തിൽ യു.കെ ഉറച്ചുനിൽക്കുമോ അതോ യൂറോപ്യൻ യൂനിയൻ നിയമങ്ങൾ ഭാഗികമായെങ്കിലും അംഗീകരിക്കുമോ എന്നത്​ പ്രധാന വിഷയമാകും. യൂനിയൻ നിയന്ത്രണങ്ങളിൽനിന്ന്​ മോചിതമാകുക എന്നതാണ്​ ബോറിസ്​ ജോൺസ​​​െൻറ ഒരു പ്രധാന താൽപര്യം. 

എന്നാൽ, യൂനിയനുമായി ഇടയുന്ന തീരുമാനങ്ങളിലേക്ക്​ പോയാൽ, ബ്രിട്ടന്​ വ്യാപാരത്തിൽ താരിഫ്​ ഇളവുകൾ ഉണ്ടാകില്ല. ഈ വർഷം അവസാനത്തോടെ കരാറുകൾ ആയില്ലെങ്കിൽ ലോക വ്യാപാര സംഘടന നിർദേശിച്ച താരിഫുകൾ യു.കെയുടെ കയറ്റുമതിക്ക്​ ബാധകമാകും. യു.കെയുടെ വ്യാപാര മേഖലക്ക്​ തിരിച്ചടിയുണ്ടാകുമെന്നും വിദേശ നിക്ഷേപകർ വാഹന നിർമാണംപോലുള്ള രംഗങ്ങളിൽനിന്ന്​ പിൻവലിയുമെന്നുമുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്​. 

ബ്രക്​സിറ്റ്​ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന്​ കഴിഞ്ഞ ഒക്​ടോബറിൽ തന്നെ വ്യോമയാനം, വാഹനം, രാസവസ്​തു, ഭക്ഷണ-പാനീയം, മരുന്ന്​ മേഖലകളിലുള്ളവർ മുന്നറിയിപ്പ്​ നൽകിയിരുന്നു. നിയമം നടപ്പാക്കൽ, വിവരം കൈമാറൽ, സുരക്ഷ, വ്യോമയാന നിലവാരവും സുരക്ഷയും, മത്സ്യബന്ധന സൗകര്യം, മരുന്നുകളുടെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ യു.കെ-ഇ.യു ചർച്ച സജീവമായി നടത്തേണ്ടിവരും.
പരിവർത്തനകാലം കഴിയു​ന്നതോടെ യു.കെ പുതിയ കു​ടിയേറ്റ നയം രൂപവത്​കരിക്കും. അത്​ സ്വതന്ത്രമായ യാത്രകളെ ബാധിക്കും. എന്നാൽ, ഇപ്പോൾ യു.കെയിൽ കഴിയുന്ന യൂറോപ്യൻ പൗരന്മാരെ ഈ തീരുമാനം ബാധിക്കില്ല. ഇതര രാജ്യങ്ങളുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ, മറ്റ്​ രാജ്യങ്ങളിലേക്ക്​ മാറാനുള്ള യു.കെ പൗരന്മാരുടെ സാധ്യതകളുടെയും നിറംമങ്ങും. 

ബ്രിട്ട​​െൻറ ഭാഗമായ സ്കോട്‌ലൻഡി​​െൻറ കാര്യത്തിലാണ് മറ്റൊരു വിവാദം. 2016ൽ ബ്രിട്ടനിൽ ബ്രക്​സിറ്റ്​ ഹിതപരിശോധന നടക്കുന്നതിന്​ രണ്ട്​ കൊല്ലം മുമ്പ്​ തുടങ്ങിയതാണ്​ സ്വതന്ത്ര രാജ്യമാകാനുള്ള സ്​കോട്​ലൻഡി​​െൻറ സ്വപ്​നം. അന്ന്​ നടന്ന ഹിതപരിശോധനയിൽ ബ്രിട്ടനിൽതന്നെ തുടർന്നാൽ മതിയെന്നായിരുന്നു സ്കോട്‌ലൻഡുകാരുടെ തീരുമാനം. ഇപ്പോൾ, പുതിയ സാഹചര്യത്തിൽ രണ്ടാമതൊരു ഹിതപരിശോധന അനിവാര്യമാണെന്നാണ്​ സ്കോട്‌ലൻഡിലെ ഏറ്റവും വലിയ കക്ഷിയായ സ്കോട്ടിഷ് നാഷനൽ പാർട്ടിയുടെ വാദം. സ്കോട്‌ലൻഡ് വേറിട്ടുപോയാൽ ബ്രിട്ടന് അതി​​െൻറ മൂന്നിലൊരു ഭാഗം നഷ്ടപ്പെടുകയും ചെയ്യും.


കണ്ണ്​ ഇന്ത്യൻ വിപണിയിലേക്കും 
ബ്രക്​സിറ്റ്​ നടപ്പാകുന്നതി​​െൻറ പ്രതിഫലനങ്ങൾ ഇന്ത്യൻ വിപണിയിലും ഉണ്ടാകുമോയെന്ന നിരീക്ഷണങ്ങളും സാമ്പത്തിക വിദഗ്​ധർ തുടങ്ങി കഴിഞ്ഞു. ശനിയാഴ്​ച മുതൽ ആരംഭിക്കുന്ന യു​.കെ വ്യാപാര കാമ്പയിനുകൾക്ക്​ തെരഞ്ഞെടുത്തിരിക്കുന്ന നഗരങ്ങളിലൊന്ന്​ മുംബൈയാണ്​. 13 രാജ്യങ്ങളിലെ 18 നഗരങ്ങളിലാണ്​ ബ്രിട്ടണി​​െൻറ പ്രചാരണം നടക്കുക. ഈ നഗരങ്ങളിലെ പ്രധാന കേ​ന്ദ്രങ്ങളിൽ ഇനി യു.കെയുടെ വ്യാപാര സാധ്യതകളുടെ ‘​ഗ്രേറ്റ് ബ്രാൻഡ്​’ ​പരസ്യങ്ങൾ പ്രത്യക്ഷപ്പെടും. ആസ്​ത്രേലിയ (പെർത്ത്​, മെൽബൺ, സിഡ്​നി), ബ്രസീൽ (സാവോ പോളോ), കാനഡ (ടൊറൻറോ), ചൈന (ഷാങ്​ഹായ്​, ഹോങ്​കോങ്​), ജപ്പാൻ (ടോക്കിയോ), മെക്​സികോ (മെക്​സികോ സിറ്റി), സിങ്കപൂർ (സിങ്കപൂർ), ദക്ഷിണാഫ്രിക്ക (ജോഹന്നാസ്​ ബർഗ്​), ദക്ഷിണ കൊറിയ (സോൾ), തുർക്കി (ഇസ്​താംബൂൾ), യു.എ.ഇ (ദുബൈ), അമേരിക്ക (ന്യൂയോർക്​, ലോസ്​ ആഞ്ചലസ്​, ഷിക്കാഗോ) എന്നിവയാണ്​ മറ്റ്​ രാജ്യങ്ങൾ.