ഇരുപത് രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർ ഒരുക്കിയ "കരുതലായ് പൊതിയുന്ന" ദേവസംഗീതം

2020-05-15 12:13:01am | ശാന്തിമോൻ ജേക്കബ്
 

വ്യത്യസ്ത ഋതുക്കളിലും വ്യതിരിക്തമായ ഘടികാരക്രമങ്ങളിലും ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന  ഇരുപത് ഗായകർ, വിരൽത്തുമ്പിൽ ദേവസ്പർശമുള്ള ഒരു സംഗീതജ്ഞൻ, ഹൃദയംകൊണ്ട് വരികളെഴുതുന്ന ഒരു ഗാനരചയിതാവ്; ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ഇവർ ചേർന്നൊരുക്കിയ സംഗീതശില്പം യൂട്യൂബിൽ എമ്പാടും തരംഗമാവുന്നു.
നടൻ ജയറാമിന്റെ ശബ്ദസന്ദേശത്തോടെയാണ് ഈ ഈ സംഗീതവിരുന്ന് തുടങ്ങുന്നത്.
"സ്നേഹിതരെ, ഞാൻ ജയറാമാണ്. ലോകം മുഴുവൻ ഒരു മരണമുഖത്താണ്. ജീവനിൽ കൊതി എല്ലാവർക്കുമുണ്ടല്ലോ? പക്ഷെ, കരുതലും കരുത്തുമായി സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് മൂല്യം കൽപ്പിക്കുന്ന കുറെ ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരാണ് അവർ. മനുഷ്യർ മുറിവേറ്റ് കിടക്കുന്ന എല്ലായിടങ്ങളിലും എല്ലാക്കാലത്തും അവർ ഉണ്ടായിരുന്നു. അവർക്കുവേണ്ടി മലയാളത്തിലെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഔസേപ്പച്ചൻ മാഷ് സംഗീതം നൽകി റോയ് കാഞ്ഞിരത്താനം രചിച്ച ഈ ഗാനം ഇരുപത് രാജ്യങ്ങളിൽ നിന്ന് ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർ സ്വന്തം ശബ്ദം നൽകി അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത്‍ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കുമായി ഈ ഗാനം നിങ്ങൾക്ക് ഞാൻ സമർപ്പിക്കുന്നു..."
യുവജനങ്ങളുടെ പ്രിയപ്പെട്ട താരം ടോവിനോ തോമസ് തൻ്റെ ഫേസ്‌ബുക്ക് പേജിൽ നഴ്‌സസ് ഡേയുടെ ആശംസകളോടെ ഇത് പങ്കുവച്ചതോടെ അനേകായിരങ്ങളാണ് ഇത് വീക്ഷിച്ചത്; ഒരുപാടാളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ പാട്ട് വൈറലായി.
ആദ്യവരി പാടിത്തുടങ്ങുന്നത് ഔസേപ്പച്ചൻ മാഷ് തന്നെയാണ്. തുടർന്ന് അയർലണ്ടിലെ സാബു ജോസഫ്, ഇംഗ്ലണ്ടിൽ നിന്ന് ഡോ.വാണി ജയറാം, സ്കോട്ലൻഡിലെ ഡോ. സവിത മേനോൻ, പിന്നെ സ്വിറ്റസർലണ്ടിലെ തോമസ് മുക്കോംതറയിൽ, ബഹ്‌റൈനിലെ ജെസിലി കലാം, സൗദി അറേബ്യയിലേ ഷാജി  ജോർജ്, ഓസ്‌ട്രേലിയയിലെ ജെയ്മോൻ മാത്യു, സിംഗപ്പൂരിലെ പീറ്റർ സേവ്യർ, വെയിൽസിലെ മനോജ് ജോസ്, ഇറ്റലിയിൽനിന്ന് പ്രീജ സിജി, കാനഡയിലെ ജ്യോത്സ്ന മേരി ജോസ്, ഓസ്ട്രിയയിലെ സിറിയക് ചെറുകാട്, ഇസ്രയേലിലെ മഞ്ജു ജോസ്, കുവൈറ്റിലെ അനൈസ് ആനന്ദ്, ജർമനിയിലെ ചിഞ്ചു പോൾ, യുഎഇയിൽ നിന്ന്  രേഖ ജെന്നി, അയർലണ്ടിലെ ജിബി മാത്യു, നോർത്തേൺ അയർലണ്ടിലെ സിനി പി മാത്യു എന്നിവർ. എല്ലാവരും ഒന്നിനൊന്ന് മെച്ചം ഇരുപതു രാജ്യങ്ങളിൽ നിന്നുള്ള ഗായകരെ  ഏകോപിച്ച്  ഈ ആൽബത്തിന് ചുക്കാൻ പിടിച്ചത് സ്കോട്ട്ലണ്ടിൽ നിന്നും എബിസൺ ജോസാണ്.
"ഒരു സ്നേഹവാക്കിനാൽ ഒരു കുഞ്ഞു ഹൃദയത്തിൽ  
സ്വാന്തനം പകരാൻ കഴിഞ്ഞുവെങ്കിൽ,  
ഒരുനോക്കിൻ കനിവിനാൽ ഒഴുകുന്ന മിഴികൾതൻ
കണ്ണീർ തുടക്കാൻ കഴിഞ്ഞുവെങ്കിൽ,
ഒരു കരുതലായ് തീരാൻ കഴിഞ്ഞുവെങ്കിൽ..."

റോയ് കാഞ്ഞിരത്താനത്തിന്റെ ഹൃദയം തൊട്ടെഴുതിയ വരികൾ; ഔസേപ്പച്ചന്റെ സ്വർഗീയമായ സംഗീതം...
സംഗീത സംവിധാന രംഗത്ത് സാങ്കേതികവിദ്യ കാര്യങ്ങൾ എത്രത്തോളം എളുപ്പമാക്കിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ ഗാനം. ഇത് കാണാതെ പോയാൽ, കേൾക്കാതെ പോയാൽ തീർച്ചയായും ഒരു നഷ്ടമായിരിക്കും.