സ്വയം ബലിയായും , ബലിയേകിയും ശാന്തിയുടെ തീരത്തേക്ക് യാത്രയാകുന്ന പുരോഹിത ദാസർക്കായി കണ്ണീരിൽ കുതിർന്ന ഒരു യാത്രാ വന്ദനം കീത് ലിയിലെ ഷിബു മാത്യുവിന്റെ ഈ ഗാനം നിങ്ങളെയും ചിന്തിപ്പിക്കും

2020-06-17 12:01:20am |

വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി സ്വദേശിയായ ഷിബു മാത്യുവിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ വരികൾ പൗരോഹിത്യത്തിൻ്റെ ത്യാഗങ്ങളുടെ നേർക്കാഴ്ച ആവുകയാണ്. ഇടുക്കി ബിഷപ്പ് ആയിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ മൃതസംസ്കാര വേളയിൽ വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ സീറോ മലബാർ സഭയുടെ തലവനായ മാർ .ജോർജ് ആലഞ്ചേരി പിതാവ് വിതുമ്പുന്ന രംഗങ്ങളിൽ നിന്ന് ലഭിച്ച ചിന്തകളും, പ്രചോദനവുമാണ്  ഷിബു മാത്യുവിൻ്റെ വരികൾക്ക് അടിസ്ഥാനം.

യുവത്വത്തിൻറെ ആരംഭത്തിൽ സ്വന്തം കുടുംബവും നാടുമുപേക്ഷിച്ച് ആത്മീയ ജീവിതത്തിൻറെയും സഭാ ജീവിതത്തിൻ്റെയും വഴികളിൽ തങ്ങളുടെ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന വൈദികർ എങ്ങനെയാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ നിർണായക സാന്നിധ്യമാകുന്നതെന്നും, ഒരു സമൂഹത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുന്നതെന്നും ഷിബു മാത്യു തൻ്റെ വരികളിലൂടെ വളരെ മനോഹരമായി വരച്ചുകാട്ടുന്നു. അതുകൊണ്ടുതന്നെ വൈദികരുടെ വാർദ്ധ്യക്യത്തിലും , മരണത്തിലും അടുത്ത് നിൽക്കേണ്ടതിൻെറയും

സ്നേഹത്തിൻ്റെയും, കൃതജ്ഞതയുടെയും കണ്ണുനീർ തുള്ളികൾ കൊണ്ട് ആദരവ് അർപ്പിക്കുന്നതിൻ്റെയും ആവശ്യകതയാണ് ഷിബു മാത്യു തൻറെ വരികളിലൂടെ കോറിയിടുന്നത് .

ഫാ. ജേക്കബ് ചക്കാത്തറ ആലപിച്ച് ജോജി കോട്ടയം സംഗീതം നൽകിയ ആൽബം വെസ്റ്റേൺ മീഡിയ ക്രീയേഷൻസ് ആസ്വാദകരും, വിശ്വാസികളുമായ പൊതുജനങ്ങൾക്കായി പുറത്തിറക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പെരുന്തോട്ടം , ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ തുടങ്ങി നിരവധി പ്രമുഖരാണ് ഷിബുവിൻ്റെ വരികൾ കണ്ട് അഭിനന്ദനങ്ങളും ആശംസകളുമായി എത്തിയിരിക്കുന്നത്.

യുകെയിലെ സാമൂഹിക സാംസ്കാരിക വേദികളിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായ ഷിബു മാത്യു അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനും കൂടിയാണ് .മംഗളത്തിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച ഷിബു മാത്യു മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുന്നു . ഷിബു മാത്യു നേതൃത്വം നൽകുന്ന സിംഫണി ഓർക്കസ്ട്ര യുകെയിലെ ഭൂരിപക്ഷം വേദികളിലും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. ഷിബുവിൻ്റെ ഭാര്യ റീന എൻഎച്ച്എസ് സ്റ്റാഫ് നേഴ്സാണ് . മകൻ അലൻ പോർട്ട്സ് മൗത്ത് യൂണിവേഴ്സിറ്റിയിൽ ആറ്റോമിക് എൻജിനീയറിങ് വിദ്യാർത്ഥിയാണ് . മകൾ ആര്യ സ്ക്പ്ടൺ ഗ്രാമർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി.

 

https://www.youtube.com/watch?v=yPlIi8r5ca0&feature=emb_logo